India Kerala

കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ല; സീതാറാം യെച്ചൂരി

കേരളത്തിനെതിരെയുള്ള യോഗി ആദിത്യനാഥിന്റെ പരാമർശം തള്ളി സിപി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എല്ലാ സൂചികകളിലും ഒന്നാമതാണ്. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണം. യുപി കേരളമോ ബംഗാളോ കശ്മീരോ ആയി മാറരുത്’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

കേരളത്തിനെതിരായ തൻ്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗാളിലും കേരളത്തിലും ഉള്ളത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ യുപിയിൽ സംഭവിക്കുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തൻ്റെ ചുമതയാണെന്നും യോഗി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപി 300 സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

”നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായാണ് അവസാനിച്ചത്. യുപിയിൽ എന്തെങ്കിലും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? നേരത്തെ കലാപം നടക്കുമായിരുന്നു, അരാജകത്വം നിലനിന്നിരുന്നു, ഗുണ്ടാപ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. ബംഗാളിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുമോ?” – യുപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്തിയതിനെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ പറഞ്ഞു.