India Kerala

സിസ്റ്റര്‍ ലൂസിയുടെ മൊഴി രേഖപ്പെടുത്തി; വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

സിസ്റ്റര്‍ ലൂസി കളപ്പുരയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെളളമുണ്ട പൊലീസ് സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതി മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറക്കല്‍ നടത്തിയത് പരസ്യമായ അവഹേളനമാണെന്ന് സിസ്റ്റര്‍ പൊലീസിന് മൊഴി നല്‍കി. കുറ്റാരോപിതനായ വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.

സാമൂഹ്യ മാധ്യമങ്ങളിലൂടെ സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദ പ്രചരണം നടത്തിയ വൈദികനെതിരെ കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘം സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തിയത്. കാരയ്ക്കാമല മഠത്തിലെത്തിയ പൊലീസിന് നല്‍കിയ മൊഴിയില്‍, മാനന്തവാടി രൂപതാ പി.ആര്‍.ഒ കൂടിയായ വൈദികന്‍ നോബിള്‍ പാറക്കല്‍ തന്നെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്നാണ് സിസ്റ്റര്‍ ലൂസി പറഞ്ഞത്. സഭയിലെ ചിലരുടെ സഹായത്തോടെയായിരുന്നു ഇയാളുടെ പ്രചാരണമെന്നും സിസ്റ്റര്‍ മൊഴി നല്‍കി.

മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേസിലെ ഒന്നാം പ്രതി നോബിളിനും മറ്റ് പ്രതികള്‍ക്കുമെതിരെ ഐ.ടി ആക്ട് ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് സൂചന. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങിയതോടെയാണ് അപവാദ പ്രചരണവുമായി വൈദികന്‍ രംഗത്തെത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. പുസ്തകം പുറത്തിറങ്ങുന്നതോടെ സഭ പ്രതിരോധത്തിലാകുമെന്നും പ്രസാധകരായ പൈന്‍ ബുക്സ് ഉടമ ബിന്ദു മില്‍ട്ടണ്‍ പറഞ്ഞു.

അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയ ഫാദര്‍ നോബിള്‍ പാറക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് ലേമെന്‍സ് അസോസിയേഷനും രംഗത്തെത്തി. ബിഷപ്പ് മാര്‍ ജോസ് പെരുന്നേടത്തിന് സംഘം കത്ത് നല്‍കി.