സിസ്റ്റർ അഭയ കൊലകേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി. ഡോക്ടര്‍മാരെ വിസ്തരിക്കാമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമായതിനാല്‍ ഇത്തരം തെളിവുകള്‍ സ്വകീരിക്കരുതെന്നും കോടതി വ്യക്തമാക്കി.
നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടരമാരായ കൃഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്നയിരുന്നു സി.ബി.ഐ കോടതി ഉത്തരവ്. നാര്‍കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ നല്‍കിയ ഹരജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഷെൽവി കേസിലെ സുപ്രീംകോടതി വിധി പ്രകാരം നാർക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണ്, അതിനാൽ ഇത്തരം തെളിവുകൾ സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സി.ബി.ഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് ഹരജിക്കാര്‍ ഉന്നയിച്ച വാദം. ഡോക്ടർമാരെ വിസ്തരിക്കാൻ അനുവദിച്ചാൽ സ്വീകാര്യമല്ലാത്ത തെളിവുകൾ രേഖകളിലെത്തുന്ന സ്ഥിതിയുണ്ടാവും, ഇത് കോടതിക്ക് മുൻവിധിയുണ്ടാക്കാൻ കാരണമാകുമെന്നും ന്യായ വിചാരണക്ക് തടസമാകുമെന്നുമായിരുന്നു ഹരജിയിലെ ആരോപണം.