Kerala

സിദ്ദിഖ് കൊലപാതകം ഓർമിപ്പിക്കുന്നത് ഇലന്തൂർ നരബലി കേസ്; മോഡസ് ഒപറാണ്ടി ഒന്ന് തന്നെ; രണ്ട് കേസിലും നടന്നത് ചതി

കോഴിക്കോട്ടെ ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ കൊലപാതകം കേരളത്തിൽ ഉണർത്തുന്നത് ഇലന്തൂർ നരബലി സമ്മാനിച്ച നടുക്കം തന്നെയാണ്. വെട്ടി നുറുക്കപ്പെട്ട സിദ്ദിഖിന്റെ ശരീര ഭാഗങ്ങൾ ലഭിച്ചപ്പോൾ ഇലന്തൂർ നരബലിയിൽ കൊലപ്പെട്ട റോസ്ലിനേയും പത്മത്തേയും മലയാളികൾ ഓർത്തു. അവിടെ പ്രതികൾ ഷാഫി, ഭഗവൽ സിംഗ്, ലൈല എന്ന മൂവർ സംഘം. ഇവിടെയും പ്രതികൾ മൂവർ സംഘം തന്നെ- ഷിബിലി, ആഷിഖ്, ഫർഹാന. അവിടെ ലൈലയും ഭഗവൽ സിംഗും ഭാര്യ ഭർത്താക്കന്മാർ. ഇവിടെ ഷിബിലിയും ഫർഹാനയും കമിതാക്കൾ. രണ്ട് കേസിലും ലക്ഷ്യം ധനസമ്പാദനം തന്നെ. 

അന്ന് സംഭവിച്ചത്….

2022 സെപ്റ്റംബർ 26-ാം തിയതി പത്മ എന്ന സ്ത്രീയുടെ കാണാതാകുന്നതോടെയാണ് ഇലന്തൂർ നരബലിയുടെ രക്തമുറയുന്ന കൊലപാതകം ചുരുളഴിയുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമായിരുന്നു കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.

പൊലീസ് ആദ്യം അന്വേഷിക്കുന്ന പത്മയുടെ തിരോധാനമാണ് നരബലിയുടെ ചുരുളഴിക്കുന്നതെങ്കിലും ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ്. സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് ഷാഫി റോസ്ലിനോട് പറഞ്ഞു. തുടർന്ന് തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി. പിന്നാലെ റോസ്ലിനെ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. തുടർന്ന് ഭഗവൽ സിംഗിന്റെ ഭാര്യ ലൈല റോസ്ലിന്റെ കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ച് ചോര വീഴ്ത്തി മുറിയിൽ തളിച്ച് ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.

റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ ഷാഫിയെ വീണ്ടും ഭഗവൽ ലൈല ദമ്പതികൾ ബന്ധപ്പെട്ടു. ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് ഷാഫി മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലും പറമ്പിലും പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവൽ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറിൽ വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയിൽ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മാംസം ദീർഘനാൾ ഫ്രിഡ്ജിൽ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയിൽ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജിൽ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും വേണ്ടി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല് സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം പാകംചെയ്ത് കഴിച്ചതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ 200 ഓളം പേജുകളുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നിലവിൽ മൂവരും റിമാൻഡിലാണ്.

ഇന്ന് സംഭവിച്ചത്…

ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്.

ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. ഇതിനായി സിദ്ദിഖിനെ പറഞ്ഞ് പറ്റിച്ച് മുറിയെടുപ്പിച്ചു. മരുമകൾക്കാണെന്ന് പറഞ്ഞ് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തു. ഈ മുറിയിൽ നിന്ന് സിദ്ദിഖ് പുറത്ത് വന്നിട്ടേയില്ല. പല തവണ ഷിബിലിയും ഫർഹാനയുടം മുറിയുടെ പുറത്തേക്ക് വന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുറിയിൽ വച്ച് സിദ്ദിഖിനെ നഗ്നനാക്കി ദൃശ്യങ്ങളെടുക്കാൻ ഷിബിലിയും ഫർഹാനയും ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുത്തു. ഉടൻ മൂവർ സംഘത്തിലെ ആഷിഖ് സിദ്ദിഖിനെ ചവിട്ടി വീഴ്ത്തി. പ്രത്യാക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ വേണ്ടി ബാഗിൽ കരുതിയ ചുറ്റിക ഇതിനിടെ തന്ത്രപരമായി ഫർഹാന ഷിബിലിക്ക് കൈമാറി. ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നാലെ ഇലക്ട്രിക് കട്ടർ കൊണ്ട് ശരീരം രണ്ടാക്കി വെട്ടിമുറിച്ചു. ആദ്യം ഒരു ട്രോളി ബാഗ് കൊണ്ടുവന്ന് ശരീരഭാഗങ്ങൾ അതിൽ കുത്തി നിറയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഒരു ട്രോളി ബാഗ് മതിയാകില്ലെന്ന് കണ്ട് രണ്ടാമതൊരു ബാഗ് കൂടി കൊണ്ടുവന്ന് ഒരു ഭാഗം ആ ബാഗിലുമാക്കി.

ചെർപുളശ്ശേരി സ്വദേശിയായ ഷിബിലിയാണ് മൃതദേഹമടങ്ങിയ ട്രോളി ബാഗ് അട്ടപ്പാടി ചുരത്തിൽ നിന്ന് താഴേക്ക് എറിഞ്ഞുകളയാമെന്‌ന് പദ്ധതിയിടുന്നത്. ചെറുപുളശ്ശേരിക്കാരനായ ഷിബിലിക്ക് അട്ടപ്പാടി ചുരത്തിലെ സാഹചര്യം നന്നായി അറിയാം. രാത്രിയായാൽ അട്ടപ്പാടി ചുരത്തിൽ യാത്രക്കാർ കുറയും. ഒപ്പം ചുരം റോഡിൽ സിസിടിവി ഇല്ലാത്തതും അട്ടപ്പാടി തെരഞ്ഞെടുക്കാൻ കാരണമായി. മൃതദേഹം തള്ളാൻ സഹായങ്ങൾ ചെയ്ത് നൽകിയത് ഫർഹാനയുടെ സുഹൃത്ത് ആഷികായിരുന്നു. കണക്കുകൂട്ടലുകൾ അനുസരിച്ച് എല്ലാം നടന്നു. എന്നാൽ ട്രോളി ബാഗുകൾ മുകളിൽ നിന്ന് എറിയുന്നതിനിടെ പാറയിൽ തട്ടി പൊളിഞ്ഞതോടെയാണ് മൂവർ സംഘത്തിന്റെ കണക്ക് കൂട്ടൽ പൊളിയുന്നത്. മൃതദേഹത്തിന്റെ കൈ പുറത്ത് കാണുന്ന നിലയിലായിരുന്നു ബാഗ് അടിവാരത്ത് കിടന്നത്. ഇതാണ് പൊലീസ് ബാഗ് കണ്ടെത്താൻ കാരണമായത്.