Kerala

സിൽവർ ലൈൻ; കല്ലായിയിലും നട്ടാശേരിയിലും ഇന്ന് സർവേ, തടയുമെന്ന് സമരക്കാർ

സിൽവർ ലൈനിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കോഴിക്കോട് കല്ലായിയിലും കോട്ടയം നട്ടാശേരിയിലും ഇന്ന് സർവേ നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവേ തടയുമെന്ന നിലപാടിൽ തന്നെയാണ് സമരക്കാർ. തവനൂരിലെ സർവേ നടപടികൾ രണ്ട് ദിവസത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത രം​ഗത്തെത്തി. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിമർശിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല. ഇരകളെ സന്ദർശിച്ചാൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുന്നത് പ്രതിഷേധാർഹമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ ഗൗനിക്കാതെ സർക്കാർ മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

അതേസമയം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിൻ്റെ കണക്ക്. എന്നാൽ ഇത് ശരിയല്ല. റെയിൽവേ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും. എല്ലാം വശവും പരിശോധിച്ച് കേരളത്തിൻ്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞു. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാനെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 64,000 കോടി രൂപയുടെ കണക്ക് കിട്ടിയതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് പുതുതായി പറയാൻ ഒന്നുമില്ല. ഡിപിആർ അബദ്ധ പഞ്ചാംഗമാണ്. സിൽവർ പദ്ധതിക്കായി എന്ത് പഠനമാണ് നടത്തിയത്. മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കണ്ട. സിൽവർലൈൻ സമരത്തിൽ യു ഡി എഫ് നേതാക്കൾ ജയിലിൽ പോകാൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.