Kerala

സിൽവർ ലൈൻ; കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലായിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇതിനിടെ കൊച്ചി മാമലയിൽ സർവേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി.

അതേസമയം ചങ്ങനാശേരിയിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

ഇതിനിടെ മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീ വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവയ്ക്കുന്നതായി സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധിച്ചു.

മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.
യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.