സിൽവർലൈൻ പദ്ധതിയുടെ ഡി പി ആർ തട്ടിപ്പെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവൻ അലോക് കുമാർ വർമ്മ. ഡി പി ആറിലേത് പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ്. കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ല ഡി പി ആറിലെ നിർദേശങ്ങൾ. കേരളത്തിന്റെ സാഹചര്യത്തിൽ നടക്കേണ്ട പഠനങ്ങൾ നടന്നിട്ടില്ലെന്നും അലോക് കുമാർ വർമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. അജണ്ടകളാണ് ഇത്തരത്തിലുള്ള ഡി പി ആറിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ അലോക് വർമ്മക്കെതിരെ കെ-റെയിൽ എം ഡി രംഗത്തുവന്നു. അലോക് വർമ്മയ്ക്ക് സിൽവർലൈനിന്റെ എ ബി സി ഡി അറിയില്ലെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ ആരോപിച്ചു. മൂന്ന് മാസം മാത്രം കേരളത്തിൽ പഠനം നടത്തിയ ആളാണ് അലോക് വർമ്മ. സിൽവർ ലൈൻ അലൈൻമെന്റിൽ മാറ്റം വന്നേക്കാം. വളവുകൾ ക്രമീകരിക്കുക 200 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും വിധം. 2025 നുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും കെ റെയിൽ എം ഡി വ്യക്തമാക്കി.
ഇതിനിടെ കെ-റെയില്‍ സംബന്ധിച്ച് പ്രതിപക്ഷ ആശങ്കകൾ ശരിവയ്ക്കുന്നതാണ് ഡി.പി.ആറെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എംബാങ്ക്‌മെന്റ് 55% ആണെന്ന് ആദ്യം കരുതി. എന്നാല്‍ ആകെ ദൂരത്തിന്റെ 62% എംബാങ്കമെന്റ് ആയിരിക്കുമെന്ന് ഡി.പി.ആർ പറയുന്നു. ചുരുക്കത്തിൽ 292km അല്ല, 328km ദൂരത്തിലാണ് എംബാങ്ക്‌മെന്റ് ഉയരുന്നത്. പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ എട്ടു മീറ്റര്‍ വരെ നാല്‍പ്പത് അടിയോളം ഉയരത്തിലാണ് എംബാങ്ക്‌മെന്റ് നിര്‍മ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബാക്കിയുള്ള സ്ഥലങ്ങളില്‍ പാതയ്ക്ക് ഇരുവശവും മതില്‍ കെട്ടുമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍, മതിലല്ല വേലിയാണ് കെട്ടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാൽ 200km ഓളം ദൂരത്തില്‍ ഇരുവശവും മതില്‍ കെട്ടുമെന്ന് ഡി.പി.ആറില്‍ പറയുന്നു. ആ മതിലില്‍ പരസ്യം നല്‍കി പണമുണ്ടാക്കണമെന്നും ഡി.പി.ആറില്‍ നിര്‍ദ്ദേശമുണ്ട്. മഴക്കാലത്തും പ്രളയകാലത്തും പ്രശ്‌നമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ കൊറിഡോര്‍ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോയെന്ന സംശയവും ഡി.പി.ആറിലുണ്ട്. ഇതൊക്കെയാണ് പ്രതിപക്ഷവും പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു.