Kerala

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന്; കെ റെയില്‍ എംഡി പങ്കെടുക്കില്ല

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ എം.ഡി അജിത് കുമാര്‍ സംവാദത്തില്‍ നിന്ന് പിന്മാറി. അതേസമയം, കെ റെയില്‍ അധികൃതരുടെ അഭാവത്തില്‍ അവരുടെ വാദങ്ങള്‍ മറ്റൊരാളെ കൊണ്ട് അവതരിപ്പിച്ച് മറുപടി പറയുമെന്ന് ജനകീയ പ്രതിരോധ സമിതി ട്വന്റിഫോറിനോട് പറഞ്ഞു.

ഏപ്രില്‍ 28 ന് നടന്ന സില്‍വര്‍ ലൈന്‍ സംവാദം വിജയകരമായ സാഹചര്യത്തില്‍ ഇനി ബദല്‍ സംവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വാദം ഉയര്‍ത്തിയാണ് കെ. റെയില്‍ എം.ഡി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാല്‍ ബദല്‍ സംവാദമല്ല ചര്‍ച്ചകളാണ് നടക്കുന്നത് എന്ന് ജനകീയ പ്രതിരോധ സമിതി പറയുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കില്‍ അവരുടെ വാദമുഖങ്ങള്‍ പറയാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തി മറുപടി നല്‍കുമെന്നും ജനകീയ പ്രതിരോധ സമിതി വ്യക്തമാക്കി.

കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ചും അലോക് കുമാര്‍ വര്‍മ്മ, ശ്രീധര്‍ രാധാകൃഷ്ണന്‍, ജോസഫ് സി മാത്യു, ആര്‍.വി ജി മേനോന്‍ എന്നിവര്‍ പദ്ധതിക്ക് എതിരെയും സംസാരിക്കും. രാവിലെ 10. 30 ന് തിരുവനന്തപുരം പാണക്കാട് ഹാളിലാണ് സംവാദം. മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സംവാദം കഴിയുംവിധം ജനകീയമാക്കാനാണ് സംഘാടകരുടെ ശ്രമം.