Kerala

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്.

അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിന്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ ഹോട്ടലില്‍ 18ന് രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്.

സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.