Kerala

‘എന്‍റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല, കാരണമെന്താണ്’; മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്‍റെ ഭാര്യയുടെ ചോദ്യം

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകള്‍ക്കു വേണ്ടി മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ വിശദീകരിച്ച ഫേസ്ബുക്ക് കുറിപ്പില്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ എഴുതിയ കമന്‍റ് വൈറല്‍. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്‍റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു വിരൽ പോലും അനക്കാത്തതെന്നും അതിന്‍റെ കാരണം ഒന്ന് പറഞ്ഞ് തരാമോയെന്നുമാണ് റൈഹാന സിദ്ദീഖ് ചോദിച്ചത്.

ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദീഖ് കാപ്പനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇത് വരെ സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇടപ്പെട്ടിരുന്നില്ല. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചുകൊടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു.

റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ റൈഹാന സിദ്ധിഖ്.. നിക്ഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തിയിരുന്ന, കെ.യു.ഡബ്ല്യൂ.ജെ യൂണിയൻ സെക്രട്ടറി ആയ സിദ്ധിഖ് കാപ്പന്‍റെ ഭാര്യ. താങ്കൾ ഈ ചെയ്തത് മുഖ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണ്. പക്ഷെ എന്‍റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല. അതിന്‍റെ കാരണം ഒന്ന് പറഞ്ഞ് തരാമോ.