മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ആരോപണം നേരിടുന്ന മ്യൂസിയം സി.ഐയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും.
ബഷീറിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ കൂടി വന്‍ തിരിച്ചടി നേരിട്ടതോടെയാണ് കേസില്‍ മുഖം രക്ഷിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായി സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐയെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്തിയത് എസ്.ഐ ആണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്ന സമയത്ത് തന്നെ മ്യൂസിയം സി. ഐ സുനിലിനെ മൊബൈല്‍ ഫോണ്‍ വഴി വിവരം അറിയിച്ചുവെന്നും സി ഐ യുടെ നിര്‍ദേശ പ്രകാരമാണ് മുന്നോട്ട് നീങ്ങിയതെന്നുമാണ് ക്രൈം എസ്.ഐ ജയപ്രകാശ് സിറ്റി പൊലീസ് കമ്മീഷണര്‍ ജിനേന്ദ്ര കശ്യപിന് നല്‍കിയ വിശദീകരണം. അതുകൊണ്ടു തന്നെ സി.ഐയുടെ മൊഴി കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.
ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടെങ്കിലും ശ്രീറാമിന് കാര്യമായ പരിക്കേറ്റിട്ടില്ല എന്ന റിപ്പോര്‍ട്ട് നേടിയെടുക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും സര്‍ക്കാറിന് പ്രധാനമാണ്. ശ്രീറാമിന് നട്ടെല്ലിന് പരിക്കുണ്ടെന്ന പ്രതിഭാഗം വാദം വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനും ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനിവാര്യമാണ്.