India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്‍റണിയുമാണ് അറസ്റ്റിലായത്. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

രാജ്കുമാറിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മഞ്ജു, ശാലിനി എന്നീ കൂട്ടുപ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്കുമാറും സംഘവും തട്ടിപ്പ് നടത്തിയെന്ന് പരാതിയുള്ള മൂന്ന് കോടി രൂപയുടെ ഉറവിടം കണ്ടെത്തുന്നതിന് നെടുങ്കണ്ടം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.