Kerala

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഷട്ടറുകൾ ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ഒരു ചക്രവാതചുഴിയും മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ തീവ്രമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.