India Kerala

കാസര്‍കോട് ജില്ലയില്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പെന്റവാലന്റ് വാക്സിനുകള്‍ക്ക് ക്ഷാമം

നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം മുതല്‍ ഓരോ മാസം ഇടവേളയില്‍ നല്‍കുന്ന പെന്റവാലന്റ് വാക്സിനാണ് ജില്ലയില്‍ ലഭ്യമല്ലാതായത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ലഭ്യമല്ല. കുട്ടികളെയും കൊണ്ട് ആശുപത്രികളിലെത്തുന്നവര്‍ വാക്സിന്‍ എത്തിയില്ല എന്ന വിശദീകരണം കേട്ട് മടങ്ങേണ്ട അവസ്ഥയാണ് ,

ആഴ്ചയില്‍ മൂന്ന് ദിവസം വാക്സിനേഷന്‍ നടത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസം 120 ഓളം കുഞ്ഞുങ്ങളെത്താറുണ്ട് . വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം ആളുകളും വന്ന് മടങ്ങിപ്പോകുന്ന സ്ഥിതിയാണ്. ഡിഫ്ത്തീരിയ, വില്ലന്‍ ചുമ. ഹെപ്പറ്ററ്റീസ് തുടങ്ങി ആറോളം രോഗങ്ങളെ പ്രതിരോധിക്കുന്നതാണ് പെന്റവാലന്റ് വാക്സിന്‍ . കുഞ്ഞുങ്ങള്‍ക്ക് ഒന്നര മാസം പ്രായമാകുന്നത് മുതല്‍ , ഓരോ മാസം ഇടവേളയില്‍ രണ്ടര മാസം , മൂന്നര മാസം പ്രായങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി നല്‍കേണ്ടതാണ് പെന്റവാലന്റ് വാക്സിന്‍ .

വാക്സിന്‍ ലഭ്യമാക്കേണ്ട കോഴിക്കോട് റീജണല്‍ സെന്ററില്‍ മരുന്നില്ലാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. എന്നത്തേക്ക് വാക്സിന്‍ ലഭ്യമാകുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.