Kerala

സെക്രട്ടറിയേറ്റ് തീപിടിത്തം; കേടായ ഫാനിന്‍റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് പ്രാഥമിക നിഗമനം

അതേസമയം സെക്രട്ടറിയേറ്റില്‍ പേപ്പർ ഫയലുകൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുഭരണവകുപ്പ് നേരത്തെ നൽകിയിരുന്നതായി റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കേടായ ഫാനിന്‍റെ സ്വിച്ചിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തൽ. ഫോറൻസിക് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ.

ഫയൽ കത്തലിൽ പ്രതിപക്ഷം ദുരൂഹത ആരോപിക്കുമ്പോഴും അട്ടിമറി സാധ്യത തള്ളുകയാണ് അന്വേഷണ സംഘം. കേടായ ഫാനിന്‍റെ സ്വിച്ചിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് അന്വേഷണ സംഘം പ്രാഥമിക വിലയിരുത്തൽ. സ്വിച്ചിൽ നിന്ന് തീ പകർന്ന് കേബിൾ വഴി ഫാനിലെത്തി അത് പേപ്പറിന് മുകളിലേക്ക് വീണ് കത്തിയതാണെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. അന്തിമ റിപ്പോർട്ട് തയ്യാറാകണമെങ്കിൽ ഫോറൻസിക് പരിശോധന ഫലം കിട്ടണം. ദുരന്തനിവാരണ അതോറിറ്റിയുടെയും ക്രൈം ബ്രാഞ്ചിന്‍റെയും അന്വേഷണം പുരോഗമിക്കുകയാണ്. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.