Kerala

കര്‍ശന നിയന്ത്രണങ്ങളോടെ മിഠായിത്തെരുവിലെ കടകള്‍ തുറന്നു തുടങ്ങി

രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി.

കര്‍ശന നിയന്ത്രണങ്ങളോടെ കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ തുറന്നു തുടങ്ങി. സത്യവാങ്മൂലം നല്‍കി അനുമതി നേടിയ ശേഷമാണ് കടകള്‍ തുറക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി.

കടയില്‍ എത്ര ജീവനക്കാരുണ്ട്, കടയുടെ വിസ്തീര്‍ണം, കടയുടമയുടെ അഡ്രസ് തുടങ്ങിയ വിശദ വിവരങ്ങള്‍ എഴുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് സിറ്റി പോലീസ് കമ്മീഷണറില്‍ നിന്ന് അനുമതി വാങ്ങിയാണ് കടകള്‍ തുറന്നത്. 50 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയാണ് പ്രവേശനം. കടയില്‍ ഒരേ സമയം എത്രപേര്‍ക്ക് കയറാനാകുമെന്ന് നോട്ടീസ് ഒട്ടിക്കണം. നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

10 മണിയോടെയാണ് കടകള്‍ തുറന്നത്. ലോക്ഡൌണിനെ തുടര്‍ന്ന് ഈസ്റ്റര്‍, വിഷു വിപണികള്‍ നഷ്ടമായ കച്ചവടക്കാരുടെ പ്രതീക്ഷ ഇനി പെരുന്നാള്‍ വിപണിയിലാണ്. വ്യാപാരികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ജില്ലാഭരണകൂടം നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.