Kerala

ഷോളയാര്‍ ഡാം തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാം ഇന്ന് രാവിലെ പത്തുമണിയോടെ തുറക്കും. 100 ക്യുമെക്‌സ് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ചിമ്മിനി, പീച്ചി ഡാമുകളില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ ജലം കുറുമാലി, മണലി പുഴകളിലേക്കെത്തും. തീരവാസികള്‍ ജാഗ്രത പാലിക്കണം. മുന്നൂറിലധികം പേരാണ് തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ക്യാംപുകളില്‍ കഴിയുന്നത്.

അതേസമയം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.