ശോഭാ സുരേന്ദ്രന് വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് ഉടന്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. ശോഭാ സുരേന്ദ്രന് വയനാട് മത്സരിച്ചാല്‍ കോഴിക്കോട് എം ടി രമേശിനാണ് സാധ്യത. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സാധ്യതയേറുകയാണ്.
ശോഭാ സുരേന്ദ്രന്റെ പേര് ആദ്യം കോഴിക്കോടാണ് പരിഗണിച്ചിരുന്നത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി മാറിച്ചിന്തിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ആനി രാജ കൂടി എത്തുമെന്ന് വന്നതോടെ കരുത്തയായ വനിതാ സ്ഥാനാര്‍ത്ഥിയെന്ന ലേബലില്‍ ശോഭാ സുരേന്ദ്രനെ വയനാട് മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.
ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കാസര്‍ഗോഡ് പി കെ കൃഷ്ണദാസിനാണ് സാധ്യത. തിരുവനന്തപുരത്ത് ബിജെപി ആരെയാണ് മത്സരിപ്പിക്കുന്നതെന്ന് ഈ ഘട്ടത്തിലും തീരുമാനമായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ്.