Kerala

ശിവശങ്കറും ബിനീഷും അറസ്റ്റില്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സര്‍ക്കാരിന് ഇരട്ടപ്രഹരം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മയക്കുമരുന്ന് കേസിലെ പണ ഇടപാടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കൂടി കുരുങ്ങിയത് സി.പി.എമ്മിനും സര്‍ക്കാരിനും ഇരട്ട പ്രഹരമായി മാറി. ശിവശങ്കര്‍ വിഷയത്തെ പ്രതിരോധിക്കാനായി സര്‍വ്വ ആയുധങ്ങളും പുറത്തെടുക്കുന്ന ഘട്ടത്തിലാണ് ബിനീഷിനെ ബംഗളൂരുവില്‍ ഇ.ഡി വലയിലാക്കിയത്. ബിനീഷിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് എ. വിജയരാഘവന്‍ പ്രതികരിച്ചത്. സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് സഹായം ചെയ്തതാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുടുക്കിയത്.

ഇത് സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്നറിഞ്ഞ് പ്രതിരോധതന്ത്രങ്ങള്‍ രൂപം കൊടുക്കുന്നതിനിടിയാണ് ഇ.ഡി വഴി തന്നെ അടുത്ത പ്രഹരമെത്തിയത്. ശിവശങ്കറിന്‍റെ കളങ്കം തിരിച്ചറിഞ്ഞ ഘട്ടത്തിലെ നടപടിയെടുത്തിരുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടേയും അക്കാര്യത്തിലെ പ്രതിരോധം. എന്നാല്‍ ബീനീഷ് കൊടിയേരിയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കൂറേ കൂടി സങ്കീര്‍ണമാണ്. മയക്കുമരുന്ന് മാഫിയക്ക് സാമ്പത്തിക സഹായം നല്‍കിയെന്നത് ഗൌരവമേറിയ കുറ്റമാണത്.

അതിനാല്‍ പൊതുസമൂഹത്തിന് മുന്നില്‍ രാഷ്ട്രീയ വീശദീകരങ്ങള്‍കൊണ്ട് കളങ്കത്തെ മറികടക്കാനാവില്ല. അതിനാല്‍ ബിനീഷ് പാര്‍ട്ടിയുടെ ഭാഗമല്ലെന്ന് പറഞ്ഞ് കൈയൊഴിയാനാണ് നേതൃത്വത്തിന്‍റെ ശ്രമം. മറുപക്ഷത്ത് പ്രതിപക്ഷത്തിനാകാട്ടെ രാഷ്ട്രീയപോരില്‍ പുതിയ ആയുധം കൂടി ബിനിഷിന്‍റെ അറസ്റ്റോടെ ലഭിച്ചു‌. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടമാണെന്ന ഗുരുതരമായ ആരോപണം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തിന്‍റെ മൂര്‍ച്ഛയുള്ള ആയുധങ്ങളായി ശിവശങ്കറും ബിനീഷും മാറും. അതേസമയം ഇടതുപക്ഷത്തിനെതിരായ നീക്കത്തില്‍ മാധ്യമങ്ങളടക്കമുള്ള അവിശുദ്ധസഖ്യം പ്രവര്‍ത്തിക്കുന്നുവെന്ന്കാട്ടി സമരപ്രഖ്യാപനം നടത്തി പുതിയ പ്രതിരോധങ്ങള്‍ തീര്‍ക്കാനും സി.പി.എമ്മും തീരുമാനിച്ചു കഴിഞ്ഞു.