കൊരട്ടിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കര (36) യുടെ തിരോധാനത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷിജുവിന് ഭൂമാഫിയകളുടെ ഭൂഷണിയുണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. ഭൂമിയിടപാട്, പാടം നികത്തല്‍ എന്നീ വിഷയങ്ങളില്‍ വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു.
ഡിസംബര്‍ 31നാണ് ഷിജുവിനെ കാണാതായത്. കാണാതായിട്ട് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. അതേസമയം ഷിജു വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതായി വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. കെപിഎംഎസ് ചാലക്കുടി മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയാണ് കാണാതായ ഷിജു. പൊലീസ് പറയുന്നതുപോലെ ഷിജു വീട്ടില്‍ നിന്ന് ഒരിക്കലും മാറിനില്‍ക്കില്ലെന്നും ആദ്യദിവസങ്ങളില്‍ പൊലീസ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്നും ഷിജുവിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. വീടിന്റെ കോണ്‍ഗ്രീറ്റ് ജോലിയുമായി ബന്ധപ്പെട്ട് ഷിജു അങ്കമാലിയില്‍ പോയിരുന്നു. അന്ന് രാത്രി മുതല്‍ ഷിജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.