India Kerala

‘ആ പുഞ്ചിരിക്കുന്ന മുഖം ചില ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്’

തെരഞ്ഞെടുപ്പ് ചൂടിനിടയിലും എല്ലാം മറന്ന് ഒരിക്കൽ കൂടി കേരളം പരസ്പരം കെെകോർത്തപ്പോൾ, ഒരു മഹായാത്ര കൂടി അതിന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ‘KL-60 – J 7739’ എന്ന നമ്പറിലുള്ള ആംബുലൻസ് ആ കുഞ്ഞിനേയും വഹിച്ച് കൊണ്ട് കേരളത്തിന്റെ നിരത്തിലൂടെ ചീറപ്പാഞ്ഞപ്പോൾ, അത് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു.

അതിനിടെ കുരുന്നിന്റെ ജീവനും കൊണ്ട് ചീറി പാഞ്ഞ ആംബുലൻസ് ‘പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയലി’ന്റേത് ആണെന്നത് യാദൃശ്ചികമാണെങ്കിലും, അത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്നാണ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് നേതാവുമായ മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടുള്ള മുനവ്വറലി തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുന്നത്.

മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞ് പത്ത് വർഷം തികഞ്ഞതിന് പിറ്റേന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്മരണാർഥം തുടങ്ങിയ ആംബുലൻസിന് ഈയൊരു നിയോഗമുണ്ടായത്. അങ്ങിലേക്കെത്താൻ ഞങ്ങൾ ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടതുണ്ടെന്ന് പറഞ്ഞാണ് മുനവ്വറലി ശിഹാബ് തങ്ങൾ പോസ്റ്റ് തുടങ്ങിയത്.

അതിനിടെ ഹൃദ്യം പദ്ധതിയില്‍‌ ഉള്‍പ്പെടുത്തി ചികിത്സാ ചെലവ് വഹിക്കാമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപിച്ചിരുന്നു. തിരുവന്തപുരം ലക്ഷ്യമാക്കി കുതിച്ച ആംബുലൻസ് വഴിക്ക് വെച്ച് കൊച്ചി അമൃത ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. വെെകീട്ട് നാല് മണിയോടെയാണ് ആംബുലൻസ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്.