കോഴിക്കോട് പേരാമ്പ്രയിൽ 14 വയസ്സുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം. കുട്ടിയുടെ രണ്ട് ബന്ധുക്കളും സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനുഷ മരിച്ചത്. ഛർദിയും വയറിളക്കവും കാരണം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് പെൺകുട്ടി മരിക്കുന്നത്. ഷിഗല്ല ലക്ഷണങ്ങളാണ് കുട്ടിയിൽ കണ്ടതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അസുഖം സ്ഥിരീകരിക്കാനാകൂ. സമാനമായ രോഗലക്ഷണങ്ങളോടെ കുട്ടിയുടെ സഹോദരിയും മറ്റൊരു ബന്ധുവും ചികിത്സയിലാണ്. ഇവരുടെ രക്തസാസിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ട് പേർക്ക് കൂടി രോഗം ബാധിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.