Kerala

‘ദുരന്തമുഖത്തെ ഒരുമ, ഇതാണ് എന്റെ കേരളാ മോഡൽ’: ശശി തരൂർ

ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ ഓടിയെത്തുന്നു. ഇതാണ് തന്റെ കേരള മാതൃകയെന്ന് ശശി തരൂർ

ദുരന്തമുഖത്തെ ഒരുമയാണ് മലയാളികളെ വേറിട്ട് നിർത്തുന്നതെന്ന് ശശി തരൂർ എംപി. ഒരു അപകടമുണ്ടാകുമ്പോൾ മലയാളികൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. ഇതാണ് തന്റെ കേരള മോഡൽ എന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

വെള്ളപ്പൊക്കം, മഹാമാരി, ഇപ്പോൾ വിമാനാപകടം.. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്. ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ ഓടിയെത്തുന്നു. ഇതാണ് എന്റെ കേരള മാതൃക- ശശി തരൂർ ട്വീറ്റ് ചെയ്തു.

ഇന്നലെ കനത്ത മഴയും കോവിഡ് ഭീതിയും അവ​ഗണിച്ചുകൊണ്ടാണ് പ്രദേശവാസികൾ കരിപ്പൂരിൽ വിമാനാപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയത്. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ സോണിലാണ്. എന്നിട്ടും അവർ സ്വന്തം സുരക്ഷ നോക്കി മാറിനിൽക്കാതെ യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തെടുക്കാനും ആശുപത്രിയിലെത്തിക്കാനും രക്തം നൽകാനുമൊക്കെ ഓടിയെത്തി. ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ അവർ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറി. സഹജീവി സ്നേഹത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ് കരിപ്പൂരിൽ കണ്ടതെന്ന് മനുഷ്യസ്നേഹികളാകെ ആ മനുഷ്യരെ വാഴ്ത്തുകയാണ്.