Kerala

വോട്ടെണ്ണുമ്പോൾ ചിലർ അമ്പരപ്പെടും’; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്ന് തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വോട്ട് ചെയ്യാൻ വോട്ടർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ. തന്റെ എതിരാളിയെ പിന്തുണയ്ക്കാൻ പല നേതാക്കളും അവരുടെ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വോട്ടുകൾ എണ്ണുമ്പോൾ ഇവർ അമ്പരപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്നും തരൂർ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എന്നെ പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 1997-ലെയും 2000-ലെയും തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് പോലെ വൻവിജയം പ്രതീക്ഷിക്കുന്നവർ വോട്ടെണ്ണുമ്പോൾ അമ്പരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്” – തരൂർ അഭിമുഖത്തിൽ പറയുന്നു. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം എംപി കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയും ശശി തരൂരും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വോട്ടർമാരെ കാണുകയും അവരുടെ പിന്തുണ നേടുകയും ചെയ്തു. മല്ലികാർജുൻ ഖർഗെ ഇതുവരെ എട്ട് സംസ്ഥാനങ്ങളിലെ പാർട്ടി ആസ്ഥാനങ്ങളിൽ എത്തിയപ്പോൾ ശശി തരൂർ നാല് സംസ്ഥാനങ്ങളിലെത്തി. അതേസമയം ഖർഗെയ്ക്കു പിന്നാലെ തരൂർ ജമ്മു കശ്മീരിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്ഥാനാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പാർട്ടി ഹൈക്കമാൻഡിന് വേണ്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ ശശി തരൂരിൻ്റെ ജമ്മു കശ്മീർ സന്ദർശനത്തിനുള്ള സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വികാർ റസൂൽ വാനി പറഞ്ഞു. ഞായറാഴ്ച ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയ ഖർഗെ ആദ്യം ശ്രീനഗറിലും ഉച്ചയ്ക്ക് ശേഷം ജമ്മുവിലും എത്തി നേതാക്കളുടെ പിന്തുണ തേടി. ഇതോടൊപ്പം സംസ്ഥാനത്തെ പ്രതിനിധികളുമായി വിവിധ വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു. ഒക്‌ടോബർ 17-നാണ് പാർട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 19-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.