Kerala

‘വിമാനയാത്രക്കാരുടെ താത്പര്യമാണ് വലുത്, തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട’: ശശി തരൂര്‍

തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച് ശശി തരൂർ എംപി. സംസ്ഥാന സർക്കാർ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തിൽ പരാജയപ്പെട്ടപ്പോൾ ചോദ്യങ്ങളുന്നയിക്കുന്നു. സർക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താൽപര്യങ്ങളാണ് വലുതെന്നും ശശി തരൂർ വ്യക്തമാക്കി.

തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ അവകാശപ്പെടുന്നു. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടതില്ല. തന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. തന്റെ നിയോജക മണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എംപി എന്ന നിലയിൽ തന്റെ ജോലിയാണ് അതെന്നും ശശി തരൂര്‍ വിശദീകരിച്ചു.

വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു‍. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

ഇന്നലെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗവും വിമാനത്താവള സ്വകാര്യ‍വത്കരണത്തോട് വിയോജിച്ചു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി.