Kerala

പരീക്ഷ മാറ്റിവെയ്ക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ടിപ്പോള്‍ വിദ്യാര്‍ഥികള്‍ക്കതിരെ കേസെടുത്തിരിക്കുന്നു.. സര്‍ക്കാരിനെതിരെ ശശി തരൂര്‍

കീം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടംകൂടിയ സംഭവത്തില്‍ കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. കേസ് പിന്‍വലിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കീം പരീക്ഷ മാറ്റിവെക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. കുട്ടികളുടെ പേരും വിലാസവും ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കീം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞാനും വിദ്യാർഥികളും രാഷ്ട്രീയ നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ 48 മണിക്കൂറിൽ പരീക്ഷ എഴുതിയ നിരവധി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഴിവാക്കാമായിരുന്ന പരീക്ഷയാണ്. കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ വീഴ്ച മറച്ചുവെയ്ക്കാന്‍ ജനങ്ങളുടെ മേല്‍ പഴിചാരുകയാണ്. ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’- ശശി തരൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഏപ്രില്‍ 20ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന് പിന്നാലെ ജൂലൈ 16ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. സാമൂഹ്യ അകലവും ജാഗ്രതയും പാലിച്ചായിരിക്കും പരീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെട്ടില്ല. പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാൻ സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലായിരുന്ന തിരുവനന്തപുരത്ത് പോലും പാലിക്കപ്പെട്ടില്ല.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തും കോഴിക്കോടുെ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരവധി പേര്‍ നിരീക്ഷത്തിലാവുകയും ചെയ്തിട്ടുണ്ട്.