തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂർ എംപിക്ക് നിർണായക റോൾ. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ചുമതലയാണ് തരൂരിന് നൽകിയിട്ടുള്ളത്. പത്രിക തയ്യാറാക്കാൻ കേരളം മുഴുവൻ സഞ്ചരിക്കുന്ന തരൂർ യുവാക്കളുമായി സംവദിക്കുന്നുമുണ്ട്.
ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന തെരഞ്ഞെടുപ്പ മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജി യോഗത്തിൽ തരൂർ പങ്കെടുത്തു. ഹൈക്കമാൻഡ് നിരീക്ഷകരായ അശോക് ഗെഹ്ലോട്ട്, താരിഖ് അൻവർ എന്നിവർക്കൊപ്പം ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ഗ്രൂപ്പുകൾക്ക് അതീതനായ തരൂരിന് കേരളത്തിലെ സാധാരണ പ്രവർത്തകർക്കിടയിൽ സ്വീകാര്യതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഗ്രൂപ്പുകളുടെ അതിപ്രസരമുള്ള നേതാക്കൾക്കിടയിൽ തരൂരിന് എത്രമാത്രം സ്വാധീനം ചെലുത്താനാകും എന്നത് ചോദ്യമായി അവശേഷിക്കുന്നു.