അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ എടുത്ത കേസ് രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പിയും. ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാത്തത് എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ തമ്മിലുള്ള കൂട്ടുകച്ചവടം മൂലമാണെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. അരൂരിൽ സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്.
ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാത്തത് അതിനുദാഹരണമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്നു. മന്ത്രി ജി. സുധാകരനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമാണ് വോട്ടുകച്ചവടത്തിന് ചുക്കാൻ പിടിക്കുന്നതെന്നും ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. മണ്ഡലത്തിൽ ബി.ഡി.ജെ എസുമായി അനൈക്യം നിലനിൽക്കുന്ന സാഹചര്യത്തിൽ വില കുറഞ്ഞ ആരോപണമുയർത്തി ശ്രദ്ധ നേടാനുള്ള ശ്രമമാണ് ബി ജെ പിയുടേതെന്നാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് നേതൃത്വം പറയുന്നത്.