India Kerala

ഷാളുകള്‍ക്കും പൂച്ചെണ്ടുകള്‍ക്കും പകരം പഠനോപകരണങ്ങള്‍ ചോദിച്ച്‌ മാണി സി കാപ്പന്‍

ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ നല്‍കുന്ന ഷാളുകളൂം പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥനയുമായി മാണി സി കാപ്പന്‍ എം എല്‍ എ.

ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ഇവ ഒഴിവാക്കി നോട്ടുബുക്കുകള്‍, പെന്‍സിലുകള്‍, പേനകള്‍ മുതലായ പഠനോപകരങ്ങള്‍ നല്‍കിയാല്‍ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങള്‍ 2020 ജൂണില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്ബോള്‍ പാലാ മണ്ഡലത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കു സമ്മാനിക്കാനാണ് എം എല്‍ എയുടെ തീരുമാനം. ജനുവരി ഒന്നു മുതല്‍ പരിപാടികള്‍ക്കു ക്ഷണിക്കുന്നവര്‍ ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ ലഭിക്കുന്ന പൂച്ചെണ്ടുകള്‍ ഉള്‍പ്പെടെയുള്ളവ പ്രയോജനമില്ലാതെ നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങള്‍ അര്‍ഹരായവരെ കണ്ടെത്തി ജൂണില്‍ സമ്മാനിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി.