കൊച്ചി:P കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിലുടനീളം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് ഇന്ന് നാല് ജില്ലകളിലായി പരിമിതപ്പെടുത്തി. എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അലേര്‍ട്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.നാളെ ഏഴ് ജില്ലകളിലും തിങ്കളാഴ്ച്ച 5 ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ബുധനാഴ്ച്ച വരെയും ശക്തമായ മഴ തുടരാനാണ് സാധ്യത.
മലയോര മേഖലകളില്‍ മഴ തുടരുകയാണിപ്പോഴും.വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പൊതുസ്വഭാവം. അതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ സീസണിലുടനീളം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്തും, കര്‍ണാടക- മഹാരാഷ്ട്ര തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടല്‍ പ്രദേങ്ങളിലും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.