India Kerala

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശമുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗതാ നിര്‍ദേശം നല്‍കിയത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുള്ള സാധ്യതയും ഉണ്ട്.

കേരള തീരത്ത് 09/08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ 3.0 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴ പെയ്യനാണ് സാധ്യത. 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ട്.

നാളെ മലപ്പുറം മുതല്‍ കാസര്‍ഗോട് വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

10-ാം തിയതി മഴയുടെ തീവ്രത കുറയുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍ഗോട് ജില്ലകളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

11,12 തീയതികളില്‍ മഴയില്‍ കുറവ് സംഭവിക്കും. മലപ്പുറം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ പെയ്‌തേക്കും.