വ്യാജ രേഖ ചമച്ച കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. നിലമ്പൂരില്‍ എത്തി തൃക്കാക്കര പൊലീസാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസില്‍ ഷാജന് ജാമ്യമില്ല. അതേസമയം മതവിദ്വേഷകേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
രണ്ടുമാസം മുന്‍പാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതി നല്‍കിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോ ചെയ്തു, ഹൈന്ദവ മതവിശ്വാസികള്‍ക്ക് മുസ്ലിം, ക്രിസ്ത്യന്‍ മതവിശ്വാസികളോട് വിദ്വേഷം തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ ആണ് ഷാജന്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഈ മാസം 17 ന് ഹാജരാകാന്‍ ഷാജന്‍ സ്‌കറിയയോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നിലമ്പൂര്‍ എസ്.എച്ച്.ഒക്ക് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഹാജരായില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.വീഴ്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.