Kerala

‘മരണത്തിന്‍റെ വ്യാപാരിയല്ല, ക്വാറന്‍റൈന്‍ ലോക്കല്‍ കമ്മറ്റി തീരുമാനിക്കേണ്ട’; പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ

വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നവരെ കേരളത്തിലെത്തിക്കുന്നതിനായി പ്രതിഷേധ സമരം നടത്തിയതിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ഇന്നലെ അതിര്‍ത്തി വഴി കേരളത്തിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ ഇടതു അനുഭാവികള്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഷാഫി പറമ്പിലിനെ മരണത്തിന്‍റെ വ്യാപാരി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ മരണത്തിന്‍റെ വ്യാപാരിയാകാനല്ല വാളയാറില്‍ പോയതെന്നും സര്‍ക്കാര്‍ കൈയൊഴിഞ്ഞവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനാണ് അവിടെ എത്തിയതെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചതായ പ്രചരണവും അതിര്‍ത്തിയിലെ കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനും ഷാഫി പറമ്പില്‍ മറുപടി നല്‍കി. ‘തനിക്ക് കോവിഡ് ബാധിച്ചുവെന്നതടക്കം പ്രചാരണമുണ്ടായി. ഒരു സി.പി.എം എം.എല്‍.എ അടക്കം തെറ്റായി പ്രചരിപ്പിച്ചു. കാലുമാറിയിട്ടാണെങ്കിലും എം.എല്‍.എ ആയിട്ടിരുന്നവരടക്കം വ്യാജ പ്രചാരണം നടത്തുകയാണ്. കോവിഡ് കാലത്തും സങ്കുചിതം രാഷ്ട്രീയം വെച്ചു പുലര്‍ത്തുന്നവരാണ് സി.പി.എമ്മുക്കാരെന്ന് മനസ്സിലാക്കി തരുന്നതാണ് ഈ സംഭവങ്ങള്‍’; ഷാഫി പറമ്പില്‍ പറഞ്ഞു. ക്വാറന്‍റൈനില്‍ അയക്കണമെന്ന ഇടതു അനുഭാവികളുടെ നിര്‍ദ്ദശത്തെയും ഷാഫി പറമ്പില്‍ തള്ളികളഞ്ഞു. ‘ഞാൻ ക്വാറന്‍റൈനില്‍ പോകേണ്ടയാളാണെങ്കിൽ അതിന് പോകും. പക്ഷേ, ലോക്കൽ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും ചേർന്നല്ല അത് തീരുമാനിക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് പറയട്ടെയെന്നും ഷാഫി പറഞ്ഞു.

തന്‍റെ പേജിലെ പോസ്റ്റെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വ്യാജ ഫോട്ടോക്കെതിരെയും ഷാഫി പറമ്പില്‍ ആഞ്ഞടിച്ചു. രമ്യാ ഹരിദാസ് എം.പിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ട് ഷാഫി പറമ്പിലിന്‍റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ‘ഫോട്ടോഷോപ്പ് ചെയ്യുന്ന സി.പി.എമ്മിന്‍റെ സൈബർ സഖാക്കൾ അടുത്ത തവണയെങ്കിലും ഇരുട്ടും വെളിച്ചവും നോക്കി അത് ചെയ്യാൻ ശ്രദ്ധിക്കണമെന്നും, കാനഡ മുതൽ ജപ്പാൻ വഴി നിലമ്പൂർ വരെയൊക്കെ അത് പ്രചരിപ്പിക്കുന്ന ആളുകളെയൊക്കെ താന്‍ കണ്ടതായും ഷാഫി പറമ്പില്‍ തുറന്നടിച്ചു. കാലു മാറിയിട്ടാണെങ്കിലും എം.എൽ.എ ആയി ഇരിക്കുന്നവർ ഇടയ്ക്ക് യാഥാർത്ഥ്യങ്ങളെ മനസിലാക്കാൻ ശ്രമിക്കണമെന്നും ഷാഫി നിർദ്ദേശിച്ചു.

വാളയാറിൽ എത്തിയ ഒരാളെയും പാസില്ലാതെ കടത്തിവിടണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞതിന്‍റെ എന്തെങ്കിലും തെളിവുകൾ കൈയിലുള്ളവർ അത് ഹാജരാക്കണമെന്നും ഷാഫി ഫേസ്ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടു. നാടിനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടതിന് സി.പി.എം പ്രവർത്തകന്‍റെ സർട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങേണ്ട ഗതികേട് ഒരു കാലത്തും കോൺഗ്രസ് പ്രവർത്തകർക്ക് വരില്ല. യൂത്ത് കെയർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് സർക്കാർ നടത്തുന്ന സേവനങ്ങളുടെ മുന്നിൽ കയറിനിന്ന് ആളായിട്ടല്ലെന്നും ആളുകളോട് സഹായം അഭ്യർത്ഥിച്ച് അങ്ങനെ ലഭിക്കുന്ന സഹായം അർഹരായവർക്ക് എത്തിച്ചു കൊടുത്താണ് ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു. പ്രവാസികൾക്ക് യൂത്ത് കെയർ നല്‍കാമെന്നേറ്റ 100 ടിക്കറ്റുകൾ 250 ടിക്കറ്റ് ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ അറിയിച്ചു.