ഇന്ധന സെസ് പിൻവലിക്കാത്തത് ഭരണകൂട നെറികേടാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നത്. സഭയ്ക്ക് അകത്തും പുറത്തതും ശക്തമായ സമരങ്ങൾ തുടരും. ഒരു ന്യായികരണവും ജനങ്ങൾ കേൾക്കില്ല. പാവപ്പെട്ടവന് ഒരു ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു
കേരളം കണ്ടത്തിൽ വച്ച് ഏറ്റവും ഈഗോ നിറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. ജനങ്ങൾക്ക് ലഭ്യമാക്കേണ്ട നീതിയെക്കാൾ, ജനങ്ങളോട് നിറവേറ്റേണ്ട കടമായേക്കാൾ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ് കേരളത്തിലേത്. അത് ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും ഷാഫി വിമർശിച്ചു .
പമ്പിൽ പോയി എണ്ണയടിക്കുന്നവനും കടയിൽ പോയി അരി വാങ്ങുന്നവനും അവന്റെ ബുധിമുട്ട് മനസിലാകും. അധികാരത്തിലിരുന്ന് അഹങ്കരിക്കുകയും സുഖിക്കുകയുമാണ് മുഖ്യമന്ത്രി. തെരുവിൽ ശക്തമായ യുവജന സമരങ്ങൾ സംഘടിപ്പിക്കും. ജനങ്ങളെ സംഘടിപ്പിച്ച് അവരുടെ കാര്യങ്ങൾ അറിയിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഷാഫി പറഞ്ഞു.
അതേസമയം ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി.
പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധം ഉയർന്നാൽ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്യുന്നതാണ് പതിവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു .
മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. ശക്തമായ പ്രതിഷേധം തുടരും. സമരം ചെയ്യുന്നവരെ ധനമന്ത്രി അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.