India Kerala

ഷെഫീഖ് ഖാസിമിയെ കീഴടക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി പൊലീസ്

പീഡന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന മതപ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്ന് തന്നെ കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഖാസിമിയുടെ ബന്ധു നൌഷാദിനായുള്ള തെരച്ചിലും പൊലീസ് ആരംഭിച്ചു. ഇന്നലെ പിടികൂടിയ ഖാസിമിയുടെ മൂന്ന് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

ഷെഫീഖ് അല്‍ ഖാസിമിയുടെ സഹോദരങ്ങളായ അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവര്‍ ഇന്നലെ മുതല്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെ ഇവരെ നെടുമങ്ങാട് എത്തിച്ചെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിലൂടെ ഖാസിമിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് പൊലീസ് ശ്രമം. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ രക്ഷിക്കാന്‍ ശ്രമിച്ച് ബന്ധുക്കള്‍ കൂട്ടു പ്രതികളാകുമെന്ന് ഖാസിമിയുടെ അഭിഭാഷകനെ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഖാസിമിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച ബന്ധു നൌഷാദിനായും തെരച്ചില്‍ ആരംഭിച്ചു. കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാര്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നും തെളിവുകള്‍ പൊലീസ് ശേഖരിച്ചു.