India Kerala

ശബരിമല വിധിയിലെ അവ്യക്തത സര്‍ക്കാറിന് ആശ്വാസകരം

ശബരിമല യുവതീ പ്രവേശന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന നിലപാട് ശരിവെക്കുന്ന തരത്തിൽ സുപ്രീം കോടതി പരാമർശം നടത്തിയതിലെ ആശ്വാസത്തിലാണ് സർക്കാർ. പൊലിസ് സംരക്ഷണം നൽകി മലയിൽ എത്തിക്കണമെന്ന ഹർജി പരിഗണിച്ചിട്ടും കോടതി ഉത്തരവ് ഒന്നും നൽകാത്തതും അനുകൂല ഘടകമായിട്ടാണ് സർക്കാർ കാണുന്നത്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ തീരുമാനമാക്കാതെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഏഴംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതോടെ 2018 സെപ്റ്റംബർ 28ലെ വിധി നിലനിൽക്കുമോ എന്ന സംശയം നേരത്തെ തന്നെ ഉയർന്ന് വന്നിരിന്നു.

വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് ഇത്തവണ യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് ശരിവെക്കുന്നതാണ് ഇന്നലത്തെ സുപ്രിംകോടി നിരിക്ഷണങ്ങളെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

ഏഴംഗ ബഞ്ച് പരിശോധിക്കുന്ന വിഷയത്തിൽ ഇപ്പോൾ ഓർഡർ നൽകാൻ കഴിയില്ലെന്ന് കോടതി തന്നെ പറഞ്ഞതോടെ വിധിയിലെ അവ്യക്തത ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിരിക്കുന്നുവെന്നാണ് സർക്കാർ മനസ്സിലാക്കുന്നത്. ബിന്ദു അമ്മിണിക്കും, രഹ്ന ഫാത്തിമയ്ക്കും സംരക്ഷണം നൽകി ദർശനം അനുവദിക്കണമെന്ന് ഉത്തരവിടാത്തതും ആശ്വാസമായിട്ടാണ് സർക്കാർ കാണുന്നത്.

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഇനി ദർശനത്തിന് വന്നാലും സംരക്ഷണമൊരുക്കില്ലെന്ന മുൻ നിലപാട് തന്നെയായിരിക്കും സർക്കാർ സ്വീകരിക്കുക. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് ഇത്തരത്തിൽ ഒരു നിലപാടിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ശബരിമലയിൽ വരുമാനം വർധിച്ചതും, ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാത്തതും ചൂണ്ടിക്കാട്ടി നേരത്തെയുണ്ടായ തിരിച്ചടികൾ മറികടക്കാനാണ് സർക്കാർ നീക്കം.