കോട്ടയം മാന്നാനം കെ.ഇ കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗത്തിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഗിസുല്‍ ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇയാൾ ഇയര്‍ ഔട്ട് ആയ വിദ്യാര്‍ഥിയാണെന്നും പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഗിസുല്‍ ക്യാമ്പസില്‍ എത്തിയതെന്നും കോളജ് അധികൃതര്‍ പ്രതികരിച്ചു.
മാന്നാനം കെ.ഇ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍തഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് ഗാന്ധിനഗര്‍ പൊലീസ് ചോദ്യം ചെയ്യാനായി ഗിസുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ചെങ്കിലും സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയിലും സ്റ്റേഷനിൽ വെച്ചും പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം.
എന്നാല്‍ അറ്റന്‍ഡന്‍സ് ഇല്ലാത്തതിനാല്‍ ഇയര്‍ ഔട്ട് ആയതിനെ തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയാണ് ഗിസുലെന്നും പലതവണ ക്യാമ്പസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കോളജ് അധികൃതര്‍ പറയുന്നു. സംഘര്‍ഷത്തിന് കാരണക്കാരനാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഗാന്ധിനഗര്‍ എസ്.ഐ പ്രതികരിച്ചു. മര്‍ദ്ദിച്ചെന്ന ആരോപണം എസ്.ഐ നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി.