സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. (Sexual assault complaint of Saudi woman; Look out circular against Mallu Traveller)
അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.
അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിര്‍ സുബ്ഹാന്‍. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. നിലവില്‍ കാനഡയിലുള്ള ഷാക്കിര്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് ഒരു വിഡിയോയിലൂടെ അറിയിച്ചിരുന്നത്. എന്നാല്‍ ഷാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോയിലൂടെ വിശദീകരിച്ചിരുന്നു.