സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിമുഖത തുടരുന്നു. സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 52 അംഗീകൃത പാര്‍ട്ടികള്‍ക്ക് കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രാലയം നോട്ടീസയിച്ചിരുന്നു. എന്നാല്‍ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതായി മന്ത്രാലയത്തെ അറിയിച്ചത്.
1997ല്‍ ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീകോടതി ബഞ്ചാണ് തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ നിയമം നിലവില്‍ വരികയും ചെയ്തു. എന്നാല്‍ കോടതി ഉത്തരവും നിയമവും നിലവിലുണ്ടായിട്ടും ആഭ്യന്തര സമിതികള്‍ രൂപീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നേരത്തെ കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയത്തെ രേഖാമൂലം അറിയണക്കണമെന്നും സമിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേനകാ ഗാന്ധിയുടെ സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി പോലും നിയമത്തെ അവഗണിച്ചിരിക്കുകയാണ്.
52 പാര്‍ട്ടികള്‍ക്ക് നോട്ടീസ് ലഭിച്ചെങ്കിലും സി.പി.എം മാത്രമാണ് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടന്നതായ പരാതിയുണ്ടായിട്ടും സി.പി.എമ്മിനുള്ളില്‍ പോലും ഈ പരാതികള്‍ സമിതിക്കു മുന്നിലെത്തിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് നിലപാടെടുക്കുന്ന പാര്‍ട്ടികളും വാചാലരാകുന്ന നേതാക്കളും പരാതി പരിഹാരത്തിനായി സമിതികള്‍ രൂപീകരിക്കാന്‍ തങ്ങളുടെ സ്വന്തം പ്രസ്ഥാനങ്ങളില്‍ പോലും ശ്രമം നടത്തുന്നില്ല എന്നുള്ള വ്യാപകമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.