India Kerala

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നൽകണം. 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകർ നൽകേണ്ടത്. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് നിശ്ചയിച്ചിരിക്കുന്ന തുക 86,000 മാത്രമാണ്.

കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. 14,464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹാജ്ജിമാർക്ക് തിരിച്ചടിയായത്.

കണ്ണൂർ, നെടുമ്പാശ്ശേരി വഴി പോകുന്നവരെക്കാൾ 75,000 രൂപയോളം അധികം നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. നിരക്ക് വർദ്ധനയ്‌ക്കെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മലപ്പുറം എംപിയും ആവശ്യപ്പെട്ടു.