മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്ക് വീണ്ടും തിരിച്ചടി. നഷ്ടപരിഹാര നിർണയ സമിതിയുടെ ചെലവ് നിര്‍മ്മാതാക്കള്‍ തന്നെ വഹിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചുള്ള ഉത്തരവിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷന്റെ സിറ്റിംഗ് ഇന്ന് കൊച്ചിയില്‍ നടക്കും.
കമ്മിറ്റിയുടെ പ്രവർത്തനത്തിന് 14 സ്റ്റാഫുകളെയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. നിയമലംഘനം നടത്തിയവരിൽ നിന്നും കമ്മിറ്റിയുടെ ചെലവ് ഈടാക്കുമെന്നാണ് സർക്കാർ നിലപാട്.
ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാനുള്ള അവസാന അവസരമാണിന്ന്. കഴിഞ്ഞ തവണ അപേക്ഷിച്ച 25 പേരിൽ നിന്ന് 14 പേരെ മാത്രമാണ് സമിതി തെരഞ്ഞെടുത്തത്. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുകയാണ്.