കണ്ണൻ പി.കെ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജാതി,മത, വര്‍ണ, വര്‍ഗചിന്തകള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കുകയാണ് ഒരു ക്ഷേത്രം. അതും സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന മലയാളിയുടെ നാട്ടില്‍. ഇവിടെ സ്ത്രീക്കും പുരുഷന്‍മാര്‍ക്കും പുറമെ ബ്രാഹ്മണര്‍ക്കായും പ്രത്യേക ശുചിമുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ശൌചാലയം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഈ പ്രവൃത്തിക്കെതിരെ വന്‍ വിമര്‍ശമാണ് ഉയരുന്നത്.
കണ്ണൻ പി.കെ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കണ്ണന്റെ സുഹൃത്ത് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയപ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രം. കുറ്റുമുക്ക് ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിനെ ടാഗ് ചെയ്തുകൊണ്ടും ഫോട്ടോ ഷെയര്‍ ചെയ്യുന്നുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പുരാതന ഇന്ത്യയിൽ ബ്രാഹ്മണ പുരുഷാധിപത്യ പൗരോഹിത്യം തങ്ങളുടെ അതിജീവനത്തിനായി നടപ്പാക്കിയ ജാതി വ്യവസ്ഥയാണ് ചാതുർവർണ്യം. സമൂഹത്തിലെ ധാർമ്മികതയെയും സംസ്കാരത്തെയും പൂർണ്ണമായും നശിപ്പിച്ച് ജാതീയ അധീശത്തെ മഹത്വവൽക്കരിക്കുന്ന ജാതീയ വിഭജന തന്ത്രത്തിലധിഷ്ഠിതമായ ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥിതിയാണിത്. ബ്രാഹ്മണ വംശീയതയും അതിന്റെ സഹസ്ര ഹസ്തങ്ങളായ ജാതീയതയും ഇന്ത്യയെ ബാധിച്ച അർബുദമാണ്.
നവോത്ഥാന മൂല്യങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ഉഴുതുമറിച്ച ഭൂപ്രദേശമായിരുന്നു നമ്മുടെ കേരളം. നവോത്ഥാനത്തിന്റെ ഉള്ളടക്കം മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുക എന്നതായിരുന്നു. യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഒരു ഇടം കൂടിയായിരുന്നു കേരളം.
എന്നാൽ നവോത്ഥാന ചിന്താധാരകളെ ചവിട്ടിമെതിച്ച് മനുഷ്യവിരുദ്ധമായ ദുരാചാരങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ നാട് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമർത്ഥമായ ഇടപെടലുകളിലൂടെ കേരളജനത അറപ്പോടെയും വെറുപ്പോടെയും തിരസ്കരിച്ച പല ദുരാചാരങ്ങളേയും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ നടക്കുന്നത്. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെയാണ് ബ്രാഹ്മണർക്ക് സ്ഥാനമെന്നും അതുകൊണ്ട് ബ്രാഹ്മണാധിപത്യമുള്ള വ്യവസ്ഥിതി വരണമെന്നുമുള്ള ചിന്ത ഊട്ടി ഉറപ്പിക്കാനായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നാട്ടിൽ അരങ്ങേറുന്നത്.
തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയപ്പോൾ പ്രിയസുഹൃത്ത് അർവിന്ദ് പകർത്തിയ ഈ ദൃശ്യം നവോത്ഥാന കേരളത്തിലേക്ക് അനാചാരങ്ങൾ അതിവേഗം കടന്നു വരുന്നതിന്റെ നേർക്കാഴ്ച്ചയാണ്. സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികൾ ബ്രാഹ്മണർക്കും എന്ന ബോർഡ് വെക്കുന്നതിലൂടെ ബ്രാഹ്മണർ മറ്റു മനുഷ്യരിൽ നിന്നും വേറിട്ട് നിൽക്കുന്നവരും സമൂഹം ഭയഭക്തിപൂർവ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നൽകുന്നത്. സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോർഡുകൾ.