Kerala

‘രണ്ടില’ ആര്‍ക്കും ഇല്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല.

പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ ചിഹ്നങ്ങളായി അനുവദിച്ചത്. ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിറക്കി.

അതേസമയം പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി കുഴങ്ങിയിരിക്കുകയാണ്. പതിനേഴ് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ. മാണി പക്ഷം ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തര്‍ക്ക പരിഹാരത്തിന് ഇന്ന് വൈകിട്ട് പാലായില്‍ എല്‍ഡിഎഫ് യോഗം ചേരും.