Kerala

സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേട്; ബാങ്ക് സെക്രട്ടറിക്ക് സസ്പെൻഷൻ

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ സസ്‌പെൻഡ് ചെയ്‌തു. രേഖകളിൽ തിരിമറി നടത്തി 1.65 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തൽ.

സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയിരുന്നു . ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ ജോസിൻറെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സിപിഐഎം വിലയിരുത്തൽ.

ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ് ജോസ്. 2018 മുതൽ സീതത്തോട് സഹകരണ ബാങ്കിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

2013 മുതൽ 2018 വരെയുള്ള കാലയളവിലായി സസ്പെൻസ് അക്കൗണ്ടുകൾ മുഖേനയും അല്ലാതെയുമുള്ള ക്രമക്കേടുകൾ ബാങ്കിൽ നടന്നതായും ഏഴരക്കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നുമാണ് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയിരുന്നു.