Kerala

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇതിനിടെ പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിഞ്ഞിരുന്നു. കൂടുതൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള രേഖകൾ പുറത്ത് വന്നിരുന്നു. അതേസമയം തട്ടിപ്പ് മറച്ച് വയ്ക്കാൻ ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തുവന്നിരുന്നു.

സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ 2019 മാർച്ച് മാസത്തിൽ ജില്ലാ സഹകരണ ബാങ്ക് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് പാർട്ടി എരിയ കമ്മിറ്റി അംഗത്തിന്റെയും ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ഇടപാടുകൾ സംബന്ധിച്ചുള്ള പരാമർശങ്ങൾ. വർഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായപ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃത്രിമ രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് ബാങ്കിനെതിരായ ആക്ഷേപങ്ങൾ.