തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒൻപത് പ്രതികളെ കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. അതേസമയം ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. എസ്.എഫ്.ഐ നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിലെ സുരക്ഷ പോലീസ് ഒഴിവാക്കി.
അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ 19 പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഈ ലിസ്റ്റ് പ്രിൻസിപ്പാളിന് കൈമാറുകയും ചെയ്തു. ആറു പേരെ ആദ്യം സസ്പെൻഡ് ചെയ്തതല്ലാതെ മറ്റുള്ളവർക്കെതിരെ നടപടിയുണ്ടായില്ല. ഇവരെ കണ്ടെത്താനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ പോലീസിനും കഴിഞ്ഞില്ല. വലിയ ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് 9 പ്രതികളെ കൂടി പ്രിൻസിപ്പൽ സസ്പെപെൻഡ് ചെയ്തത്.
ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി ശിവരഞ്ഞ്ജിത്തിനെ കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്തരക്കടലാസിന്റെയും ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീലിന്റെയും ഉറവിടമാണ് പോലീസ് അന്വേഷിക്കുന്നത്. ഇവയെല്ലാം എന്തിനൊക്കെ ഉപയോഗിച്ചു എന്ന ചോദ്യത്തിന് ശിവരഞ്ജിത്ത് കൃത്യമായ വിവരം പോലീസിന് നൽകിയിട്ടില്ല. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം ശിവരഞ്ജിത്തിനെ നാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
അതിനിടെ എസ്.എഫ്.ഐ നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിനുള്ളിലെ സുരക്ഷ പോലീസ് ഒഴിവാക്കി. ക്ലാസുകൾ ഉള്ള സമയത്ത് പോലീസ് കാമ്പസിന് ഉളളിൽ പ്രവേശിക്കില്ല. ഇന്നലെ പോലീസുകാരും എസ്.എഫ്.ഐ നേതാക്കളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. എന്നാൽ അനിഷ്ഠ സംഭവങ്ങളുണ്ടായാൽ പോലീസ് കാമ്പസിനുള്ളിലേക്ക് കടക്കുമെന്ന് കന്റോൺമെന്റ് എ.സി അറിയിച്ചു.