പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരന്‍. നിതിനയെ പ്രതി അഭിഷേക് പുറത്തുപിടിച്ചു തള്ളിയ ശേഷം മുട്ടു കുത്തിയിരുത്തിയെന്നും പിന്നെ കാണുന്നത് കഴുത്തില്‍ നിന്ന് രക്തം ചീറ്റുന്നതാണെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ കെ. ടി ജോസ് പറഞ്ഞു.
പരീക്ഷ പത്ത് മണിക്കായിരുന്നെങ്കിലും പ്രതി രാവിലെ 6.40 ന് എത്തി. എന്തുകൊണ്ടാണ് നേരത്തേ എത്തിയതെന്ന് ചോദിച്ചപ്പോള്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ എത്തിയതാണെന്ന് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥിനി പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. പിടിച്ചു മാറ്റാന്‍ ശ്രമിക്കും മുന്‍പേ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റിരുന്നു. ആ സമയം രണ്ട് ആണ്‍കുട്ടികള്‍ വന്ന് പ്രതിയെ വിടരുതെന്നും പിടികൂടണമെന്നും തന്നോട് പറഞ്ഞു. ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെയും മറ്റുള്ളവരേയും വിവരം അറിയിച്ചു. ഈ സമയം കുട്ടിക്ക് അനക്കം ഉണ്ടായിരുന്നു. ഉടന്‍ തന്നെ മരിയ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രതി രക്ഷപ്പെടാതിരിക്കാന്‍ തങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ പ്രതിക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. കൈയിലെ രക്തം തുടച്ച് അവിടെ ഉണ്ടായിരുന്ന ഒരു തിട്ടില്‍ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി പ്രതിയെ കൊണ്ടുപോകുകയായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് കരുതുന്നതെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ വ്യക്തമാക്കി.