Kerala

രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം

തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല.  

പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്‍റെ പുറകിലായാണ് മേയറുടെ വാഹനം കയറിയത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു. ജനറല്‍ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോള്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്‍റെ ഉള്ളിലേക്ക് കയറ്റുകയും എട്ടാമത്തെ വാഹനത്തിന്‍റെ പുറകിലാവുകയും ചെയ്തു.

ഇതോടെ പുറകിലുള്ള വാഹനങ്ങള്‍ക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു. തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതിരുന്നത്. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി.