India Kerala

ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം; അയോധ്യയില്‍ നിരോധനാജ്ഞ

ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഈ മാസം പതിനെട്ടിന് വാദം പൂർത്തിയാക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സമാന്തരമായി മധ്യസ്ഥ ചർച്ചകളും പുരോഗമിക്കുകയാണ്. തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാരക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

അതിനിടെ അന്തിമ വാദം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

2017ല്‍ അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്ടോബര്‍ 29 മുതല്‍ പുതിയ ബെഞ്ചിന് മുന്നിലാണ് കേസ്.