Health Kerala

രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും

മൂന്ന് ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും. രണ്ടര ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ട ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ പരിശോധന നടന്നിരുന്നു. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പരിശോധന. കൊവിഡ് വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക.

കേരളത്തില്‍ ഇന്നലെ 19,577 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.